തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി വെടിക്കെട്ടിന് ഹൈക്കോടതിയിൽനിന്നും ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും അനുമതി ലഭിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥരുടെ നിസഹകരണംമൂലം വെടിക്കെട്ട് നടത്താനായില്ല. ഇതുമൂലം വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവന്നതായി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പോലീസിന്റെ നിസഹകരണം മൂലമാണ് വെടിക്കെട്ട് വേണ്ടന്നുവയ്ക്കാൻ
വിവിധ വിദേശക്കമ്മിറ്റികൾ സംയുക്തമായി തീരുമാനിച്ചത്. കമ്മിറ്റി ഭാരവാഹികൾ ക്ഷേത്ര ഉപദേശകസമിതി അംഗങ്ങൾ എന്നിവർ സംയുക്തമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കി. അനുകൂല സാഹചര്യം ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്നുള്ള കടുത്ത നിലപാട് ആഘോഷത്തെ ബാധിച്ചതായി ഭാരവാഹികൾ പറഞ്ഞു.
ഭക്തജനങ്ങളെയും പൂരപ്രേമികളെയും പോലീസിന്റെ നടപടി നിരാശരാക്കി. കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ രാമുമലവട്ടം, പി. രാംകുമാർ, സി.വി. ദിനേശൻ, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.